2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ദിന ചിന്തകള്‍ .


വാക്കുകള്‍ എങ്ങനെയാണ് ആശയങ്ങളുടെ മാതാവാകുന്നത് ?പ്രത്യേകിച്ചും സ്വാതന്ത്ര്യം പോലുള്ള ചിലവാക്കുകളുടെ.ആ ഒരു വാക്ക് ഭൂത വര്‍ത്തമാന ഭാവികാലങ്ങളെ ഉള്‍ക്കൊള്ളുകയും വിചാരണചെയ്യുകയും
ചെയ്തുകൊണ്ടിരിക്കുന്നു. ആ ഒരു വാക്ക് മാറുന്ന ,നാം മാറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് നമ്മെബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാരണം സ്വാതന്ത്ര്യം എന്ന വാക്കിന്റെ ,സ്വാതന്ത്ര്യം എന്ന
ആശയത്തിന്റെ അര്‍ത്ഥം നമുക്ക്‌ ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഇനിയൊട്ടു പിടികിട്ടുകയുമില്ല. സഹനം, ത്യാഗം, ആത്മസമര്‍പ്പണം എന്നിവയൊക്കയും അന്യം നിന്നുപോയിരിക്കുന്നു. സ്വാര്‍ഥത അര്‍ബുദംപോലെ സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞു . മുതലാളിത്തത്തിന് മുമ്പില്‍ നട്ടെല്ല് നാം പരമാവധി വളച്ചുകഴിഞ്ഞു .സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറയുവാന്‍ ഇനി ആരും ജനിക്കുകയില്ല. കാരണം നമുക്ക്‌ സ്വാതന്ത്ര്യം എന്നുള്ളത് ചരിത്രപുസ്തകം മാത്രമാണ്. ആ ഒരു കാലത്തു ജീവിച്ചിരുന്നില്ല എന്നതാണ് നമ്മുടെ വലിയ നഷ്ടം. ആ നഷ്ടത്തെ നികത്തുവാന്‍ ,ആ കടം വീട്ടുവാന്‍ നമുക്ക്‌ നമ്മുടെമാതൃരാജ്യത്തെ സ്നേഹിക്കാം. നമുക്കുവേണ്ടി ചോര ചിന്തിയവരെ ഒരു നിമിഷം ഓര്‍ക്കാം. എല്ലാവര്‍ക്കും
"പെണ്‍കുട്ടിയുടെ " സ്വാതന്ത്ര്യ ദിനാശംസകള്‍.
വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ഓഗസ്റ്റ്‌ 2009