2009 ജനുവരി 27, ചൊവ്വാഴ്ച

അവന്‍



മിന്നല്‍ എനിക്കെന്നും ഹരമാണ്.
പണ്ടു മഴ നനഞ്ഞും മിന്നല്‍ കാണുമായിരുന്നു .
അപ്പോള്‍ കൌതുകത്തിന് കൂട്ടായി ഭയവും ഉണ്ടായിരുന്നു.
ഇപ്പോള്‍ മിന്നലിനെ പേടിയില്ല.
മഴയില്‍ മിന്നല്‍ കൈവളയണിഞ്ഞു യാത്ര പോവുക മനോഹരമാണ്.
ആ മരണം പോലും എത്ര മധുരതരം...

റോസ്ന വി


2009 ജനുവരി 18, ഞായറാഴ്‌ച

അതെല്ലാം മറന്നേക്കൂ


ആദ്യ ചുംബനം നല്കി മറഞ്ഞ
വണ്ടിനെയോര്‍ത്ത്
കണ്ണുനീര്‍ വാര്‍ക്കുമെന്‍ മൌന നീലാംബരി..
വണ്ടിനു നീയൊരു പാനപാത്രം മാത്രം .
പിന്നെയുമെന്തിനീ കാത്തിരിപ്പെന്‍ പൂവേ?
വസന്തങ്ങള്‍ പിറക്കാനിരിക്കെ
എന്തിനീ വിരഹവേദന..?
അശ്രുകങ്ങള്‍ക്ക് വിടചൊല്ലിയിനി
പുഞ്ചിരി പൊഴിക്കൂ നീ
ഒരു പുതുവസന്തത്തിനായി .
സൌമ്യ സി

2009 ജനുവരി 4, ഞായറാഴ്‌ച

വരണ്ട കാലത്തെ പ്രാര്‍ത്ഥനകള്‍


മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞു വീശുന്ന കാറ്റില്‍ ,പുതപ്പു നീക്കിയ ഓറഞ്ച് അല്ലികളുടെ നിഷ്കളങ്ക മധുരത്തില്‍, സാന്ധ്യ വെളിച്ചത്തിന്റെ വിളര്‍ച്ചയില്‍ മരണം അതിന്റെ മുദ്ര പതിച്ചിരിക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
അച്ഛനരികില്‍ അയാള്‍ ഇരുന്നു. പച്ചപുതപ്പിട്ട ഇരുമ്പ് കട്ടിലില്‍ അച്ഛന്‍ ഒറ്റയ്ക്ക്. അച്ഛന്റെ ശോഷിച്ചനെഞ്ചിന്‍കൂട്ടില്‍ വെള്ളരി പ്രാവുകള്‍ കുറുകി.
ഒരിക്കല്‍ അച്ഛന്‍ മുഖവുര ഇല്ലാതെ പറഞ്ഞു. ഞാന്‍ മരിച്ചാല്‍ ബോഡി കുട്ടികള്‍ക്ക് കൊടുക്കണം. അവര്‍ പഠിക്കട്ടെ.
ഉള്ളിലെ ക്ഷോഭം മറച്ചുവച്ച് അന്നയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി ജീവിച്ചഅച്ഛന്‍ മരണശേഷം അതെ ലോകത്തിനു തന്നെ വിട്ടു കൊടുക്കുന്നു.
പക്ഷെ ഇന്നലെ,
ഇന്നെലെയാണ് അവര്‍ വന്നത്. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ചു അവരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ മരിച്ചാല്‍ ബോഡി ഞങ്ങള്‍ക്കു തരിക. പണം തരാം. സ്വാശ്രയ കോളേജ് ആണ്.
എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കവേ ഫോണ്‍ നമ്പര്‍ തന്നു അവര്‍ പോയി.
അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ പഠിത്തം ,ബാങ്ക്‌ ലോണുകള്‍ .....
അയാള്‍ അച്ഛനെ നോക്കി. കണ്ണുകള്‍ അടച്ചു ഏതോ ഓര്‍മകളില്‍ സ്വയം നഷ്ട്ടപ്പെട്ടു കിടക്കുകയാണ്അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ പതിയെ ഇളകി.
ഒരു മരണം കൊണ്ടു മറ്റൊരു ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണ് തെറ്റ്..?അയാള്‍സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. നാളെ ഒരുപക്ഷെ ,തന്റെ മരണത്തിനായി മക്കള്‍ പ്രാര്‍ത്ഥിക്കും.
അതിന്റെ ഒരു തുടക്കമെന്നോണം അയാള്‍ കണ്ണുകളടച്ചു അച്ഛന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കാന്‍തുടങ്ങി.

2008 ഡിസംബർ 25, വ്യാഴാഴ്‌ച

ഹൃദയം തകരുന്ന ശബ്ദം


നിന്‍ മുറിവില്‍ നിന്നൊഴുകുന്ന രക്തം
തകര്‍ന്ന എന്‍ ഹൃദയത്തില്‍ നിന്നാകട്ടെ.
നിന്‍ കനവില്‍ വിരിയുന്ന പുഞ്ചിരി
എന്‍ മൃത ശയ്യയില്‍ നിന്നാകട്ടെ.
നിന്നോട് എനിക്കുള്ള സ്നേഹം
മഷിത്തണ്ടു കൊണ്ടു മയ്ക്കാനാവില്ല.
നീ എന്നെ ശപിച്ചാലും
ഞാന്‍ മോക്ഷത്തിനായ്‌ കാത്തിരിക്കും.
എന്‍ ഹൃദയത്തെ ആയിരം കഷ്ണങ്ങളാക്കി
നീ മുറിച്ചു വിറ്റാലും
നിനക്കായ് അത് മിടിച്ചുകൊണ്ടിരിക്കും.
നിന്‍ തംബുരുവിന്റെ താളം
തകര്‍ന്ന എന്‍ ഹൃദയത്തിന്‍ താളമാകട്ടെ.
വിനീഷ വി

2008 ഡിസംബർ 12, വെള്ളിയാഴ്‌ച

ഖലീല്‍ ജിബ്രാന്‍


സെഡാര്‍ വൃക്ഷതോപ്പുകളും കുന്നുകളും തടാകങ്ങളും മഞ്ഞു പൊഴിയുന്ന പുലരികളും നിലാവൊഴുകുന്ന രാത്രികളും.....ദൈവത്തിന്റെ അപാരമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ ലബനോനിലെ ആ "വിശുദ്ധ താഴ്വര"യില്‍ ഖലീല്‍ ജിബ്രാന്‍ പിറന്നു .സ്നേഹവും സംഗീതവും ജീവിതവും ത്യാഗവും തന്റെ മിസ്റ്റിക് കാവ്യങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചു അദ്ദേഹം. മതത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യപ്രണയം ദുരന്തത്തില്‍ കലാശിച്ചപ്പോള്‍ അത് ജിബ്രാന്റെ ഹൃദയത്തിനേറ്റ വലിയൊരു മുറിവായി. തന്റെഹാലദാഹിര് ഒരു ബിഷപ്പിന്റെ അനന്തിരവന്റെ പത്നിയായപ്പോള്‍ ജിബ്രാന്‍ തകര്‍ന്നുആ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ജിബ്രാന്‍ തെരഞ്ഞെടുത്തത് നോവലിന്റെ മാര്‍ഗം ആയിരുന്നു. അങ്ങനെ ഒടിഞ്ഞ ചിറകുകളിലൂടെ അദ്ദേഹം ഹാലാദാഹിരിനെ സലമകരാമി എന്ന പേരില്‍ പുനസ്രിഷ്ട്ടിച്ചു.മുപ്പതിഎട്ടാം വയസ്സില്‍ ആ സൂര്യന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.


ഫൈരൂസ ഇ

2008 നവംബർ 30, ഞായറാഴ്‌ച

ടീവി സീരിയലുകള്‍ മലയാളിയോട് ചെയ്യുന്നത് .


കേരളീയ സമൂഹത്തിന്റെ നവോഥാനത്തില്‍ നമ്മുടെ ടീവി സീരിയലുകള്‍ വഹിക്കുന്ന പങ്കെന്ത് എന്ന ചോദ്യം ,ഒരു പങ്കുമില്ല എന്ന കൃത്യമായ ഉത്തരത്തിലേക്ക്‌ നമ്മെ നയിക്കുന്നു. പിന്നെ എന്തിന് കാണുന്നുവെന്ന് ചോദിച്ചാല്‍ വെറുതെ എന്നാവും ഉത്തരം. പക്ഷെ, നിരുപദ്രവമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഈ നേരംപോക്ക് പ്രേക്ഷകമനസ്സിലേക്ക്,പ്രത്യേകിച്ചും കുട്ടികളുടെ മനസ്സിലേക്ക് ഒളിച്ചുകടത്തുന്ന ആയുധങ്ങള്‍ ,അവയുടെ മൂര്‍ച്ച എത്രയുന്ടെന്നറിയുവാന്‍ നാം അധികമൊന്നും കാത്തിരിക്കേണ്ടിവരികയില്ല.കാരണം പുരോഗമന ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പന്‍ മതാത്മക ആശയങ്ങളിലേക്കുള്ള കേരളീയ സമൂഹത്തിന്റെ പിന്മടക്കം അനേകം ഉദാഹരണങ്ങളില്‍ നിന്ന്,സംഭവങ്ങളില്‍ നിന്ന് മാധ്യമങ്ങളില്‍നിന്നു നാം തിരിച്ചറിയുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നിസ്സംഗത മലയാളിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ജാതി മത ധ്രുവീകരണത്തിന് ആക്കം കൂട്ടുക എന്ന ക്ഷുദ്രകര്‍മ്മമാണ് നമ്മുടെ സീരിയലുകള്‍ നിര്‍വഹിക്കുന്നത്. സ്ത്രീ വിരുദ്ധ ആശയങ്ങളുടെ സമ്മേളന ഇടങ്ങളാണ് സീരിയലുകള്‍. പരമ്പരാഗത സ്ത്രീ സംങല്‍പ്പങ്ങളുടെ വാര്‍പ്പുകള്‍. ചിന്തിയ്ക്കാന്‍ കഴിയാത്ത ,സംവദിക്കാന്‍ കഴിയാത്ത ,ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിയാത്ത ഒരു തലമുറയുടെ സൃഷ്ട്ടിയിലൂടെ മാത്രമെ കേരളത്തിലെ ഭാവിതലമുറയെ തങ്ങളുടെ ആലയില്‍ തളച്ചിടാന്‍ കഴിയൂ എന്ന് ജാതി മത ശക്തികള്‍ക്കറിയാം.അതിനുള്ള ഭൂമിക സീരിയലുകള്‍ ഒരുക്കിക്കൊടുതുകൊണ്ടിരിക്കുകയാണ്.

2008 നവംബർ 19, ബുധനാഴ്‌ച

ഒരു ഒടിഞ്ഞ ചില്ലയെന്കിലും........


ഇന്നു ഞാനൊരു പ്രാവിനെ കണ്ടു.എന്റെ മാത്രം ലോകമായ എന്റെ മുറിക്കു മുകളില്‍ അത് കൂടൊരുക്കിയിരിക്കുന്നു.രാത്രി കാതോര്‍ത്തിരുന്നാല്‍ അതിന്റെ കുറുകല്‍ കേള്ക്കാം. ഇണയോടുള്ള അതിന്റെ പ്രണയപരിഭവങ്ങള്‍രാത്രികളില്‍ ഞാന്‍ കേള്‍ക്കാറുണ്ട് . മനുഷ്യഭാഷക്കുമപ്പുറത്തു സ്നേഹത്തിന്റെ നിരവുണ്ട് അവരുടെ ഭാഷക്ക്. ഇപ്പോള്‍ ആ പ്രാവ് തനിച്ചായിരിക്കുന്നു. കാറ്റിന്റെ വേഗം കൊണ്ടായിരിക്കാം അതിന് പറക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഒടിഞ്ഞ മരച്ചില്ലയെന്കിലും കിട്ടിയിരുന്നെന്കില്‍ അതിന് അവിടെ അഭയം പ്രാപിക്കാമായിരുന്നെന്നു എനിക്ക് തോന്നി. പക്ഷെ...

പുസ്തകത്തില്‍ മനസ്സുറക്കാതെ ആ കാഴ്ചയില്‍ ഞാന്‍ ഉഴറി. എവിടേയോ ഒരു നൊന്ബരം.പലരും എന്നോട് പറയാറുണ്ട് "നിനക്കു സ്നേഹിക്കാനെ അറിയൂ. ആരെയും വേദനിപ്പിക്കാന്‍ നിനക്കു കഴിയില്ല."

അതെ,അത് മാത്രമെ എനിക്ക് കഴിയു .
.മറ്റൊരു സ്നേഹം തുളുമ്പുന്ന ഹൃദയത്തെ സ്നേഹം നല്കി സ്വന്തമാക്കി . അവിടയാണോ എനിക്ക് പിഴച്ചത്...?എന്റെ കണ്ണില്‍ അല്ലെങ്കിലും സമൂഹത്തിന്റെ കണ്ണില്‍ ആ സ്നേഹം പിഴവുതന്നെയായിരുന്നു. പ്രതിവിധിയില്ലാത്ത തെറ്റ്.ഇന്നെന്റെ മനസ്സ്അലയുകാണ്.കാറ്റിനോടും പുഴയോടും പച്ചപ്പുകലോടും ഞാന്‍ചോദിച്ചു. ആരും കേട്ടില്ല. സമൂഹത്തിനുവേണ്ടി ഞാന്‍ കുഴിച്ചുമൂടിയ എന്റെ സ്നേഹത്തിനുവേണ്ടി ഞാന്‍ മൂന്നുലോകങ്ങളിലും തിരഞ്ഞു. ഇതാ, ഭ്രാന്ത് എന്നെ കീഴ്പ്പെടുത്തുന്നു. ഞാന്‍ പൊട്ടിത്തെറിക്കുന്നു. അതിന്റെ ഒച്ചയില്‍ സമൂഹം കിടുങ്ങും .
ഒരു പക്ഷെ ഇതു തന്നെയാണോ ആ പ്രാവിനും സംഭവിച്ചിരിക്കുകഅത് തേടുന്നതും നഷ്ടസ്നേഹം തന്നെയാണോ? അറിയില്ല.ഇനി ഒരിക്കലും ഞാന്‍ അതറിയില്ല.
ഫര്‍സാന കെ

Web Site Usage Statistics
Lisa Kay jewelry