2009 ഏപ്രിൽ 18, ശനിയാഴ്‌ച

പിടഞ്ഞമരുന്ന നിലവിളികള്‍



സ്ത്രീ........

നീ ഓര്‍ക്കുന്നുവോ...
നീ വന്നത് അവളില്‍ നിന്നായിരുന്നു.
ഭൂമിയുടെ മാതാവായ അവള്‍
നിലാവുപോലെ പുഞ്ചിരി തൂകി
നന്മയുടെ വിളക്കേന്തി നിന്നു
പക്ഷെ,മറ്റാര്‍ക്കോവേണ്ടി അവള്‍
വിപണിയുടെ ഉപ്പായി.
ദുരന്തം കടലുപോലെ അവളെ
വെള്ള പുതപ്പിച്ചു.
അവളുടെ ഹൃദയം പിടഞ്ഞമരുമ്പോള്‍
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍
നിന്നെ വന്നു തൊട്ടുകൊണ്ടേയിരിക്കും.
ബുഷറ ടി.പി.(+2)

2009 ഏപ്രിൽ 2, വ്യാഴാഴ്‌ച

സ്വപ്നത്തിന്റെ വന്‍‌കരകള്‍.


പിറന്നു വീഴുന്നത് കരഞ്ഞു കൊണ്ടു തന്നെ .
ഭയപ്പാടില്ലാതെ ഗര്‍ഭപാത്രത്തില്‍ അന്തിയുറങ്ങി-
കുസൃതി കാട്ടിയൊടുവില്‍
തലയും കുത്തി യഥാര്‍ത്ഥ ലോകത്തിലേക്ക്‌.

പ്രഭാതവും പൊട്ടിയാണ് വിടരുന്നത്.
കോപം കൊണ്ടാണ് സൂര്യന്‍ തുടുത്തത്.
പ്രതിഷേധമായി കാക്കകള്‍ കരഞ്ഞു
വെളിച്ചം മുഖത്തടിച്ചപ്പോള്‍.

ചീവീടുകള്‍ നൃത്തം വക്കുന്നു:
പാട്ടു പാടുന്നു.
എരണ്ടകള്‍ കൂട്ടമായി ഇരുട്ടിലേക്ക് .
സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
ഫര്‍സാന കെ (+2)

2009 മാർച്ച് 13, വെള്ളിയാഴ്‌ച

ഒന്നും പറയാതെ..........


എന്‍ കണ്ണിലെ ബാഷ്പം
എന്നിലെ സന്തോഷമായി
നിന്നില്‍ പ്രതിഫലിച്ചു.
എന്‍ ഉയിരിലെ പ്രണയം
വക്കുടഞ്ഞ കളിപ്പാട്ടമായി
നീ വ്യാഖ്യാനിച്ചു
ഒരു വാക്കു ചൊല്ലി
ഒരായിരം വാക്കിനായി കാതോര്‍ത്തു .
പക്ഷെ, മൌനം മാത്രം ബാക്കിയായി.
ആ മൌനത്തിന്റെ തീവ്ര വ്യഥയില്‍
ഏകയായി ഞാന്‍ പടി ഇറങ്ങട്ടെ.
ഒന്നും പറയാതെ,
യാത്രാമൊഴി ഓതാതെ.
സഹല തസ്നീം. എന്‍ (+2)







2009 മാർച്ച് 3, ചൊവ്വാഴ്ച

സ്നേഹത്തെക്കുറിച്ച് ഒരു ഉപന്യാസം.


സ്നേഹത്തിന്റെ നാലുമണിപ്പൂക്കള്‍ക്ക്
വിരിയുവാന്‍ ഇനിയും നേരമുണ്ട്.
കൊട്ടിയടക്കപ്പെട്ട ജാലകങ്ങള്‍ക്ക്മുമ്പില്‍
ഒരുതരി പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.
സ്നേഹം ലക്ഷ്യം വയ്ക്കുന്നത്
നക്ഷത്രങ്ങളെ മാത്രമായിരുന്നു .
ആ ആവനാഴി നിറയെ അനുഭൂതികളായിരുന്നു
ജീവിതം വിരുന്നൊരുക്കുകയാണ്.
ക്ഷണിക്കാന്‍ ഇനിയും ഏറെ ബാക്കിയാണ്.
നശ്വരമെങ്കിലും കാത്തിരിപ്പു ഞാന്‍
കാരണം ജീവിതവും സ്നേഹവും ഒരുപോലെയാണ്.
റോസ്ന വി(+1)

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍ ......ആന്‍ഡ് സ്പ്രിംഗ്.


അന്താരാഷ്ട്ര ഫിലിം മേളകളില്‍ ഈയിടെയായി പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ സംവിധായകനാണ്ദക്ഷിണ കൊറിയക്കാരനായ കിം കിദുക്.തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളുംമനോഹരങ്ങളായ ലോക്കേഷനുകളും ദുക് സിനിമകളുടെ പ്രത്യേകതയാണ്. ഇതില്‍ നിരൂപകപ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ്2003 ഇല്‍ പുറത്തിറങ്ങിയ സ്പ്രിംഗ്,സമ്മര്‍, ഫാള്‍, വിന്റര്‍.....ആന്‍ഡ് സ്പ്രിംഗ്.
മനോഹരമായ തടാകതീരത്തുള്ള ദേവാലയത്തില്‍ ബുദ്ധമാര്‍ഗംപഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൌമാരപ്രായക്കാരന്റെ കഥയാണിത്. ഗുരുവിന്റെഅടുക്കല്‍ ചികില്‍സക്കെത്തിയ പെണ്‍കുട്ടിയുമായി അവന്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പാപഭാരം കൊണ്ടു അവിടെനിന്നു ഒളിച്ചോടിയെങ്കിലും ആസക്തി അവന്റെ ജീവിതത്തെനരകതുല്യമാക്കി. ഒടുവില്‍ ആത്മീയ സാക്ഷാത്ക്കാരം തേടി അവന്‍ ഗുരുവിന്റെ അടുത്തേക്കുതന്നെതിരിച്ചെത്തുന്നു. മനുഷ്യ ജീവിതത്തിലെ നാലു ഘട്ടങ്ങളെയും പ്രകൃതിയിലെ നാലു ഋതുക്കളേയുംബന്ധപ്പെടുത്തി നെയ്തെടുത്ത ഈ കഥ പ്രേക്ഷകരില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നു.
ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയെയുംമോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ഒരു കുട്ടിയുടെ കഥയിലുടെആവിഷ്ക്കരിക്കുകയാണ് ഈ സിനിമയില്‍.
കിം കിദുകിന്റെ ഈ സിനിമ ഒരേ സമയം കാഴ്ച്ചയുടെ ആഘോഷവുംആത്മാവിന്റെ ഭക്ഷണവുമാകുന്നു
ഹുസൈന്‍ വാളപ്ര

2009 ഫെബ്രുവരി 8, ഞായറാഴ്‌ച

നവ സാങ്കേതിക വിദ്യ പ്രതിക്കൂട്ടില്‍ ....?


നവസാങ്കേതിക വിദ്യ ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നഅരാജകത്വത്തെക്കുറിച്ചുള്ള ചര്‍ച്ച നമ്മുടെ മാദ്ധ്യമങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ എന്നീ സാങ്കേതികതകള്‍ സ്ഥല ദേശ കാലങ്ങളെ അട്ടിമറിക്കുകയുംലോകം ഒരു ക്ളിക്കിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. മനുഷ്യന്റെ മുന്നേറ്റ ചരിത്രത്തെഅടയാളപ്പെടുത്തുന്ന ഈ നേട്ടങ്ങള്‍ പക്ഷെ, കോട്ടങ്ങളായി പൊതു സമൂഹം വിലയിരുത്തുകയുംഇടപെടുകയും ചെയ്യുന്നു. പുതുതലമുറ ഇവ മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണുആരോപണം. ഈ ആരോപണം ഉന്നയിക്കുന്നവര്‍ പക്ഷെ, അതിനുള്ള ഔഷധം നിര്‍ദേശിക്കുന്നുമില്ല. ഉള്ള ഔഷധമാകട്ടെ നിരോധനമാണുതാനും. യഥാര്‍ത്ഥത്തില്‍ ഇതാണോ വേണ്ടത്...?യഥാര്‍ത്ഥ പ്രതിഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ആണോ ?അതോ അതുപയോഗിക്കുന്നവര്‍ക്ക് അവയോടുള്ളസമീപനമാണോ? നവസാങ്കേതിക വിദ്യയോടുള്ള ചെറുപ്പക്കാരുടെ സമീപനം മാറുകയുംബോധവല്ക്കരണം നടത്തി മാറ്റുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. അല്ലാതെ അവയെപാടെ അവഗണിക്കാനുള്ള മനസ്ഥിതി വളര്‍ത്തി എടുക്കല്‍ അല്ല.
(വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധീകരണമായ "പെണ്‍കുട്ടി മാസിക"യുടെ മുഖപ്രസംഗം. ഫെബ്രുവരി2009)

2009 ജനുവരി 27, ചൊവ്വാഴ്ച

അവന്‍



മിന്നല്‍ എനിക്കെന്നും ഹരമാണ്.
പണ്ടു മഴ നനഞ്ഞും മിന്നല്‍ കാണുമായിരുന്നു .
അപ്പോള്‍ കൌതുകത്തിന് കൂട്ടായി ഭയവും ഉണ്ടായിരുന്നു.
ഇപ്പോള്‍ മിന്നലിനെ പേടിയില്ല.
മഴയില്‍ മിന്നല്‍ കൈവളയണിഞ്ഞു യാത്ര പോവുക മനോഹരമാണ്.
ആ മരണം പോലും എത്ര മധുരതരം...

റോസ്ന വി