2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

എന്റെ മോഹം


കാണാമറയത്തെ കാട്ടിലെവിടെയോ
ഏഴിലം പാലകള്‍ പൂത്തല്ലോ.....
വെണ്ണിലാവിന്‍ നിറമാര്‍ന്ന പൂക്കള്‍
കാറ്റില്‍ ചൊരിഞ്ഞു സുഗന്ധപൂരം.

കാറ്റു വന്നെന്നെ പുണരുമ്പോള്‍
പാടാതിരിക്കുവതെങ്ങനെ
ഞാന്‍
മാനത്തു
പാടിപ്പറന്നിടുന്ന
രാപ്പാടിയാകാനെനിക്ക്
മോഹം.


ഹമ്ന ഫസല സി (9എ)

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യ ദിന ചിന്തകള്‍ .


വാക്കുകള്‍ എങ്ങനെയാണ് ആശയങ്ങളുടെ മാതാവാകുന്നത് ?പ്രത്യേകിച്ചും സ്വാതന്ത്ര്യം പോലുള്ള ചിലവാക്കുകളുടെ.ആ ഒരു വാക്ക് ഭൂത വര്‍ത്തമാന ഭാവികാലങ്ങളെ ഉള്‍ക്കൊള്ളുകയും വിചാരണചെയ്യുകയും
ചെയ്തുകൊണ്ടിരിക്കുന്നു. ആ ഒരു വാക്ക് മാറുന്ന ,നാം മാറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് നമ്മെബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കാരണം സ്വാതന്ത്ര്യം എന്ന വാക്കിന്റെ ,സ്വാതന്ത്ര്യം എന്ന
ആശയത്തിന്റെ അര്‍ത്ഥം നമുക്ക്‌ ഇപ്പോഴും പിടികിട്ടിയിട്ടില്ല. ഇനിയൊട്ടു പിടികിട്ടുകയുമില്ല. സഹനം, ത്യാഗം, ആത്മസമര്‍പ്പണം എന്നിവയൊക്കയും അന്യം നിന്നുപോയിരിക്കുന്നു. സ്വാര്‍ഥത അര്‍ബുദംപോലെ സമൂഹത്തെ ഗ്രസിച്ചു കഴിഞ്ഞു . മുതലാളിത്തത്തിന് മുമ്പില്‍ നട്ടെല്ല് നാം പരമാവധി വളച്ചുകഴിഞ്ഞു .സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറയുവാന്‍ ഇനി ആരും ജനിക്കുകയില്ല. കാരണം നമുക്ക്‌ സ്വാതന്ത്ര്യം എന്നുള്ളത് ചരിത്രപുസ്തകം മാത്രമാണ്. ആ ഒരു കാലത്തു ജീവിച്ചിരുന്നില്ല എന്നതാണ് നമ്മുടെ വലിയ നഷ്ടം. ആ നഷ്ടത്തെ നികത്തുവാന്‍ ,ആ കടം വീട്ടുവാന്‍ നമുക്ക്‌ നമ്മുടെമാതൃരാജ്യത്തെ സ്നേഹിക്കാം. നമുക്കുവേണ്ടി ചോര ചിന്തിയവരെ ഒരു നിമിഷം ഓര്‍ക്കാം. എല്ലാവര്‍ക്കും
"പെണ്‍കുട്ടിയുടെ " സ്വാതന്ത്ര്യ ദിനാശംസകള്‍.
വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ഓഗസ്റ്റ്‌ 2009

2009 ജൂലൈ 21, ചൊവ്വാഴ്ച

മഴ


എന്റെ കൂട്ടുകാരിയാം മഴ
ജന്നാലക്കരികില്‍ നിന്നു മുട്ടിവിളിക്കുന്നു
കാലില്‍ കൊലുസ്സണിഞ്ഞു
നൃത്തം ചെയ്യും മഴ.

അത് മുറ്റത്തു വിതറുന്നു
പവിഴ മണികള്‍
എന്റെ കാതില്‍ സംഗീതമായി
അത് പെയ്തിറങ്ങുന്നു

അത്
എന്നോട്‌ കിന്നാരം പറഞ്ഞ്
എന്നില്‍ കുളിരുനിറച്ച്
എന്നെ സാന്ത്വനിപ്പിച്ച് ............അങ്ങനെ .

ഹര്‍ഷ പി 8A




2009 ജൂൺ 27, ശനിയാഴ്‌ച

ഓര്‍മയിലെ നക്ഷത്രങ്ങള്‍....

അങ്ങനെ മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയും യാത്രയായി. വിവാദങ്ങളുടെ ഈലോകത്തുനിന്ന്. അത്മഭാവങ്ങള്‍ പൂത്തുലഞ്ഞിരുന്നു അവരുടെ എഴുത്തില്‍. കനത്ത പ്രഹരശേഷിയായിരുന്നു അവയ്ക്ക്. വായനക്കാരെ അത് പലപ്പോഴും ഞെട്ടിച്ചു. പലപ്പോഴും ആഹ്ലാദഭരിതരാക്കി. സ്നേഹമാണ് ജീവിതത്തിന്റെ ഊര്‍ജം എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നഈ വലിയ എഴുത്തുകാരിക്ക് "പെണ്‍കുട്ടിയുടെ" ആദരാഞ്ജലികള്‍.
* * * *
മലയാളഭാഷയുടെ സുല്‍ത്താന്‍, വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മെ വിട്ടു പോയിട്ട് ഈ ജൂലൈ 5നു15വര്‍ഷംതികയുന്നു. അത്മാനുഭവങ്ങളുടെ പ്രകാശനമായിരുന്നു ബഷീറിന് എഴുത്ത്. അതിലൂടെഅദ്ദേഹം വായനക്കാരെ നവീകരിച്ചുകൊണ്ടിരുന്നു. ചെറിയതെന്നു നമ്മള്‍ കരുതുന്ന കാര്യങ്ങള്‍വലിയവയെന്ന് തന്റെ എഴു‌ത്തിലൂടെ അദ്ദേഹം തെളിയിച്ചു . ഭാഷയെന്ന ആയുധം എങ്ങനെഉപയോഗിക്കണമെന്ന അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുപോലെത്തന്നെ പെണ്ണവസ്ഥകളുടെചിത്രീകരണത്തിലും അദ്ദേഹം മിടുക്ക് തെളിയിച്ചു. കുഞ്ഞു പാത്തുമ്മയും പാത്തുമ്മയും സുഹറയുംസാറാമ്മയും നാരായണിയും .അവരുടെ ലോകങ്ങള്‍. അവരുടെ ഇടങ്ങള്‍.
* * * *

* * * *
'അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖം ഓര്‍ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മസ്നേഹത്തിന്റെതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്. വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം.
രാധയും കൃഷ്‌ണനുംതമ്മിലുള്ള സ്നേഹം പോലെയാണ് അത്.' ......മാധവിക്കുട്ടി.

വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന "പെണ്‍കുട്ടി മാസികയുടെ"മുഖപ്രസംഗം.2009ജൂലൈ .

2009 ജൂൺ 17, ബുധനാഴ്‌ച

കുസൃതിക്കണക്ക്

കൂട്ടുകാരെ,
ഇതാ വലിയ ഒരു ഗുണന സംഖ്യ .
0*1*2*3*4*5*6*7*8*9
ഉത്തരം മുപ്പതു സെക്കന്റ്‌ കൊണ്ടു കണ്ടുപിടിക്കൂ.

നൗഫില പി 5 ബി

2009 ജൂൺ 1, തിങ്കളാഴ്‌ച

പുതിയ അധ്യയന വര്‍ഷം-പ്രതീക്ഷകള്‍,സ്വപ്‌നങ്ങള്‍....


പുതിയ അധ്യയനവര്‍ഷം അതിന്റെ എല്ലാ പുതുമകളോടും കൂടി കടന്നുവന്നിരിക്കുന്നു. ചെയ്തു തീര്‍ക്കേണ്ടഒരുപാടു ജോലികള്‍, കാണാന്‍ കഴിയുന്ന ഒരുപാടു സ്വപ്‌നങ്ങള്‍....ലക്ഷ്യ ബോധത്തോടെ ,ചിട്ടയായപ്രവര്‍ത്തനങ്ങളിലൂടെ പോവുകയെന്നു പുതുവര്‍ഷം നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു. വിജയങ്ങള്‍നമ്മുടെതാക്കാന്‍ നാം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം.പരാജയങ്ങളോട് മധുരമായി പുഞ്ചിരിച്ച്പ്രതികാരം ചെയ്തു നാം മുന്നോട്ടു പോകണം. . ആത്മവിശ്വാസമാണ് പ്രധാനം. എഴുതിയും വായിച്ചുംചിന്തിച്ചും നമുക്ക്നമ്മുടെ ലോകത്തെ പുതുക്കിപ്പണിയാം.പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ലോകത്തെ. കാരണം വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ല. പുതിയതെല്ലാം പഴകുകയും പഴകുംതോറുംഅഴുകുകയും ചെയ്യുന്ന ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍,
ഓരോ പരാജയത്തെയുംവിജയമാക്കി മാറ്റാന്‍ അറിവിന്റെ വിശാലമായ ലോകം നമുക്ക് മുന്നില്‍ തുറന്നുകിടപ്പുണ്ട്.അവയെപരിപൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ മാത്രമെ നാം ജീവിതത്തിന്റെ കോണിപ്പടികള്‍ കയറുവാന്‍പ്രാപ്തരാവൂ.
(വിദ്യാരംഗം കലാ
സാഹിത്യ വേദി പ്രസിദ്ധീകരിക്കുന്ന പെണ്‍കുട്ടി മാസികയുടെ മുഖപ്രസംഗം -ജൂണ്‍ 2009)

2009 മേയ് 15, വെള്ളിയാഴ്‌ച

ഉന്നതം, ഈ വിജയങ്ങള്‍.


ഇക്കഴിഞ്ഞ എസ്‌ എസ്‌.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഉന്നത വിജയം കരസ്ഥമാക്കി.395 വിദ്യാര്‍ത്ഥിനികള്‍ ആണ് എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്. അതില്‍385 പേര്‍ വിജയിച്ചു.ഹയര്‍ സെക്കന്ററിയില്‍90 %ആണ് വിജയം.സ്കൂള്‍ പി.ടി.എയുടെയും മലപ്പുറം നഗരസഭയുടെയും നിതാന്ത പരിശ്രമമാണ് ഈ വിജയത്തിനുപിന്നിലുള്ളത്.