2009, ജനുവരി 4, ഞായറാഴ്‌ച

വരണ്ട കാലത്തെ പ്രാര്‍ത്ഥനകള്‍


മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞു വീശുന്ന കാറ്റില്‍ ,പുതപ്പു നീക്കിയ ഓറഞ്ച് അല്ലികളുടെ നിഷ്കളങ്ക മധുരത്തില്‍, സാന്ധ്യ വെളിച്ചത്തിന്റെ വിളര്‍ച്ചയില്‍ മരണം അതിന്റെ മുദ്ര പതിച്ചിരിക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
അച്ഛനരികില്‍ അയാള്‍ ഇരുന്നു. പച്ചപുതപ്പിട്ട ഇരുമ്പ് കട്ടിലില്‍ അച്ഛന്‍ ഒറ്റയ്ക്ക്. അച്ഛന്റെ ശോഷിച്ചനെഞ്ചിന്‍കൂട്ടില്‍ വെള്ളരി പ്രാവുകള്‍ കുറുകി.
ഒരിക്കല്‍ അച്ഛന്‍ മുഖവുര ഇല്ലാതെ പറഞ്ഞു. ഞാന്‍ മരിച്ചാല്‍ ബോഡി കുട്ടികള്‍ക്ക് കൊടുക്കണം. അവര്‍ പഠിക്കട്ടെ.
ഉള്ളിലെ ക്ഷോഭം മറച്ചുവച്ച് അന്നയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി ജീവിച്ചഅച്ഛന്‍ മരണശേഷം അതെ ലോകത്തിനു തന്നെ വിട്ടു കൊടുക്കുന്നു.
പക്ഷെ ഇന്നലെ,
ഇന്നെലെയാണ് അവര്‍ വന്നത്. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ചു അവരില്‍ ഒരാള്‍ പറഞ്ഞു. അച്ഛന്‍ മരിച്ചാല്‍ ബോഡി ഞങ്ങള്‍ക്കു തരിക. പണം തരാം. സ്വാശ്രയ കോളേജ് ആണ്.
എന്ത് പറയണമെന്നറിയാതെ അന്തിച്ചു നില്‍ക്കവേ ഫോണ്‍ നമ്പര്‍ തന്നു അവര്‍ പോയി.
അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ പഠിത്തം ,ബാങ്ക്‌ ലോണുകള്‍ .....
അയാള്‍ അച്ഛനെ നോക്കി. കണ്ണുകള്‍ അടച്ചു ഏതോ ഓര്‍മകളില്‍ സ്വയം നഷ്ട്ടപ്പെട്ടു കിടക്കുകയാണ്അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ പതിയെ ഇളകി.
ഒരു മരണം കൊണ്ടു മറ്റൊരു ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണ് തെറ്റ്..?അയാള്‍സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. നാളെ ഒരുപക്ഷെ ,തന്റെ മരണത്തിനായി മക്കള്‍ പ്രാര്‍ത്ഥിക്കും.
അതിന്റെ ഒരു തുടക്കമെന്നോണം അയാള്‍ കണ്ണുകളടച്ചു അച്ഛന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കാന്‍തുടങ്ങി.

6 അഭിപ്രായങ്ങൾ:

sreeNu Lah പറഞ്ഞു...

നല്ല ചിന്ത.

അജ്ഞാതന്‍ പറഞ്ഞു...

കറുത്ത പ്രതലത്തില്‍ വെളുത്ത ബോള്‍ഡ് അക്ഷരങ്ങള്‍ വായിക്കാന്‍ നന്നേ ബുദ്ധിമുട്ടി. ഫോണ്ട് ബോള്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ആശംസകള്‍.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വെളുത്ത പ്രതലത്തില് കറുത്ത അക്ഷരം ഇടൂ !
വായിക്കാൻ കണ്ണിനു ഒരു സുഖം വേണ്ടെ?

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കൊള്ളാം ....ആരാണ് ഇത് എഴുതുയത്...?
ആശംസകള്‍....

മുസാഫിര്‍ പറഞ്ഞു...

നന്നായിരിക്കുന്നു.കഥാകൃത്തിന്റെ പേര് ഇടാമായിരുന്നില്ലെ ?

socialanimal പറഞ്ഞു...

chintha theerthum swathanthram,nirbhayam.kathakrithine marachu vekkunnathyu bheeruthwam alle?